Thursday, February 09, 2006

പുട്ടിനു രാജ്യാന്തര പദവി. - തരംഗങ്ങളില്‍ ( പനച്ചി )


ഒരു വീഴ്‌ചയ്‌ക്ക്‌ ഒരുയര്‍ച്ചയുണ്ടെന്നു പറയുന്നത്‌ ഈ ആഗോളവല്‍ക്കരണ കാലത്തുപോലും തീരെ തെറ്റല്ലെന്നു വന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വീഴ്ചയില്‍ ഉയര്‍ച്ചയുണ്ടായതു പുട്ടിനാകുന്നു.
ഉവ്വ്‌, നമ്മുടെ പുട്ടിന്‌.

നാളെത്രയായിട്ടും നാടനായിത്തന്നെ നില്‍ക്കുന്ന നമ്മുടെ സ്വന്തം പലഹാരം, പുട്ട്‌.

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ ഉമ്മന്‍ചാണ്ടി വീണുപൊട്ടിക്കിടപ്പായതു മുതല്‍ പുട്ടിന്റെ നല്ലകാലമായി.

നമ്മളാരും അറിയാത്ത ദാവോസ്‌ മലയാളികള്‍ പൂക്കള്‍ക്കുപകരം പുട്ടുമായി ഉമ്മന്‍ചാണ്ടിയെ കാണാനെത്തി. പുട്ട്‌ അഥവാ പുട്ടുകള്‍ ആശുപത്രിക്കു മുന്‍പില്‍ ക്യൂനിന്നു.

പുട്ട്‌ ആശുപത്രിയില്‍ കയറിപ്പറ്റിയതിനെപ്പറ്റി ദാവോസിലൊരു കഥ ഉണ്ട്‌.

പുട്ടുമായി വന്ന ആദ്യ സന്ദര്‍ശകനെ ആശുപത്രി കവാടത്തില്‍ തടഞ്ഞു.

എന്തായിത്‌ എന്നു ചോദ്യം.

പുട്ട്‌ എന്നുത്തരം.

വാട്ട്‌ പുട്ട്‌?

സ്റ്റീംപുട്ട്‌.

വാട്ട്‌ ആന്‍ഡ്‌ വൈ സ്റ്റീം?

ഉത്തരം മുട്ടിയ പുട്ടുകാരന്‍ പാത്രത്തിന്റെ മൂടി ഉയത്തിക്കാട്ടിയപ്പോള്‍ കാവല്‍ക്കാരന്‍ നോക്കി. തെല്ലോന്ന് ഞെട്ടി.

പ്ലാസ്റ്ററിട്ട കൈത്തണ്ടപ്പോലെ നീണ്ടുരുണ്ട ഒന്ന്‌.

അദ്ദേഹം വിനീതനായി ചോദിച്ചു:

ഓര്‍ത്തോയിലേക്കാണല്ലെ?

ഉവ്വ്‌ എന്നു പറഞ്ഞ്‌, മലയാളി ചാടി അകത്തുകയറി.

പിന്നേയും പിന്നേയും പിന്നേയും ഓര്‍ത്തോപീഡിക്‌ എന്ന എല്ലു വിഭാഗത്തിലേക്ക്‌ പുട്ടുകള്‍ കയറിപ്പോകുന്നതു കാവല്‍ക്കാരന്‍ കണ്ടു.

വൈദ്യശാസ്ത്രത്തില്‍, അതും എല്ലുശാസ്ത്രത്തില്‍, എന്റെല്ലാം പരിഷ്കാരങ്ങള്‍ എന്ന്‌ ആ നല്ലമനുഷ്യന്‍ മനസ്സിലോര്‍ത്തു.

പുട്ടാണ്‌ ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടവിഭവം എന്ന്‌ ദാവോസില്‍ ആരാണ്‌ ആദ്യം കണ്ടുപിടിച്ചതെന്നു വ്യക്തമല്ല.

സാധാരണ രോഗികളേക്കാല്‍ (അതി)വേഗം ഉമ്മന്‍ചാണ്ടി സുഖം പ്രാപിച്ചുതുടങ്ങിയതു പുട്ടു തിന്നിട്ടായിക്കൂടെന്നില്ല എന്ന അഭിപ്രായത്തിലാണ്‌ ദാവോസിലെ ഡോക്ടര്‍മാര്‍.

'ഓണത്തിനിടയ്ക്കു പുട്ടുകച്ചവടം' എന്നു പറഞ്ഞു നാം താഴ്‌ത്തിക്കെട്ടിപ്പോന്ന പുട്ടിനു മരുന്നുമൂല്യം വല്ലതുമുണ്ടോ എന്നു ആര്‍ക്കറിയാം.

പക്ഷെ അധികമായാല്‍ പുട്ട്‌ ആരെയും പൂട്ടും.

എനിക്കിപ്പം വീട്ടിപ്പോണം എന്നു പറഞ്ഞ്‌ ഉമ്മന്‍ചാണ്ടി ദാവോസ്‌ കട്ടിലില്‍കിടന്ന്‌ കൈയും (പരുക്കേല്‍ക്കാത്ത) കാലുമിട്ടടിച്ചത്‌ പുട്ടുതിന്നുമടുത്തിട്ടാണെന്ന് ആരും അറിഞ്ഞിട്ടില്ല.

എന്തായാലും, പുടിനു രാജ്യാന്തരപദവി ലഭിച്ചതോര്‍ക്കുമ്പോല്‍ അപ്പുക്കുട്ടന്റെ ആത്മാവിലേക്ക്‌ ആവി കയറിവരുന്നു.

ഉമ്മന്‍ചാണ്ടിയെക്കുറിച്ച്‌ പുടിനു തേങ്ങ ചേര്‍ത്തതുപോലുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന ഒരു ദിവസം രാവിലെ അപ്പുക്കുട്ടന്‍ നാലുകോണ്‍ഗ്രസുകാരെ വിളിക്കാനിടയായി.

കുളിക്കുകയാണ്‌, കാപ്പി കുടിക്കുകയാണ്‌, ടിവി കാണുകയാണ്‌, കോണ്‍ഗ്രസ്സിന്റെ ടിവി ചാനല്‍ വരുംവരെ കണ്ണടച്ചിരിക്കുകയാണ്‌ തുടങ്ങിയ പതിവുമറുപടികള്‍ അമ്പേ മാറിപ്പോയിരിക്കുന്നു.

- പുട്ടു തിന്നുകയാണ്‌

- പുട്ടു കഴിക്കുകയാണ്‌

- പുട്ടടിക്കുകയാണ്‌

- പുട്ടില്‍ പൊതുമിനിമ പരിപാടി ചേര്‍ക്കുകയാണ്‌. (കടലയായിരിക്കും അല്ലേ?)

ഉവ്വ്‌, പുട്ട്‌ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍പ്പെടുത്താന്‍ മാത്രം പ്രാധാന്യം കൈവരിച്ചിരിക്കുന്നു.

പുട്ടിനു മുന്‍പില്‍ നമുക്കു മുട്ടുമടക്കാം.

കാലിലെ പൊട്ടല്‍ പുട്ടുകുറ്റിപോലെ നേരെയാവും വരെ മുഖ്യമന്ത്രിയെ മുട്ടുമടക്കലില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു.

2 Comments:

Blogger ഡ്രിസില്‍ said...

defenitly, v can nominate 'put' for nobel prize..

3:59 AM, February 10, 2006  
Blogger കലേഷ്‌ കുമാര്‍ said...

ഇന്റർനാഷൾ പുട്ട്സ് & പുട്ടൻസ് നീണാൾ വാഴട്ടെ!

9:32 PM, February 10, 2006  

Post a Comment

Links to this post:

Create a Link

<< Home