Monday, March 06, 2006

അമ്പോ, ഈ പുട്ടിന്റെയൊരു നീളം! - തോമസ് ജേക്കബ്


ഒരു വീട്ടില്‍ ചെന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു പരിപാടി ആയിരിക്കുന്നു “കൊച്ചു മക്കള്‍ പുരാണം”. മുക്തകണ്ഠം ഭക്ഷിച്ചു തീന്മേശ ക്ലീന്‍ ആക്കേണ്ടതിനു പുറമേ വയറു നിറയെ ‘കൊച്ചുമക്കള്‍ കഥകള്‍’ കൂടി കേള്‍ക്കേണ്ടി വരുന്ന അതിഥിയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. അതും കെട്ട് മൂക്കുമുട്ടെ നില്‍ക്കുമ്പോഴായിരിക്കും ആ‍തിഥേയന്‍ ദയയില്ലാതെ പറയുന്നത് : ‘എടാ ജിക്കൂ, അങ്കിളിന് നീയാ മിമിക്രി കാണിച്ചു കൊടുക്ക്’. ഉടനെ പാവം ജിക്കു എന്തോ ഒരു ശബ്ദം കഷ്ടപ്പെട്ട് ഉണ്ടാക്കുകയുണ്ടായി.

അപ്പോള്‍ അപ്പൂപ്പന്റെ ദൃക്‌സാക്ഷി വിവരണം. ‘ട്രെയിന്‍ സ്റ്റേഷനിലെത്തുകയാ ...’

‘അയ്യോ പാവം’ എന്നു മനസ്സില്‍ പറഞ്ഞ് അതിഥി വായില്‍ കിടക്കുന്ന കട്‌ലറ്റിനടിയിലൂടെ കഷ്‌ടപ്പെട്ട് ഉറക്കെ ചിരിക്കുന്നതായി കാണിക്കുന്നു. അപ്പോള്‍ പയ്യന്‍സ് അടുത്ത അവതരണത്തിലേക്ക് കടക്കുകയാണ്. കട്‌ലറ്റ് വായിലിട്ട തന്റെ ചിരിയാണോ ഈ മിമിക്രിയെന്ന് അതിഥി ആശങ്കപ്പെടുമ്പോള്‍ ആശ്വാസമായി അപ്പൂപ്പന്‍, ‘ട്രെയിനിപ്പൊ ഒരു പാലത്തിലാണ്...’

ആ തീവണ്ടി എപ്പോഴാണ് ഓട്ടം അവസാനിപ്പിക്കുന്നതെന്നോര്‍ത്ത് പാവം അതിഥി വാച്ചിലേക്ക് നോക്കുന്നു. അപ്പോള്‍ കുഞ്ഞു മിമിക്രിക്കാരന്‍ പറയുകയാണ് : ‘നോക്കി നോക്കി വാച്ചിനെ ബോറടിപ്പിക്കല്ലേ, അങ്കിളേ ...!’

ഇപ്പോഴത്തെ കുട്ടികള്‍ക്ക് വയസ്സേറെയാണ്. ബുദ്ധിയിലും കാര്യഗ്രഹണശേഷിയിലും അവരെത്രയോ മുന്നിലും. കാലഘട്ടത്തില്‍ വന്ന മാറ്റമാണ് ഈ കുഞ്ഞു തലച്ചോറിനെ ഇത്ര വലുതാക്കിയത്. ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ തന്നെ മൊബൈല്‍ ഫോണിന്റെ പോളിഫോണിക്ക് റിങ്ടോണ്‍ അല്ലേ അവന്‍ കേള്‍ക്കുന്നത്! കയ്യിലൊരു മൊബൈല്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മക്കൊരു മെസ്സേജ് അയച്ചേനെ അവന്മാര്!

സംസാരിക്കാനായാല്‍ കുഞ്ഞുനാവിന്റെ നീളമളക്കാനാകാതെ വീട്ടുകാരും നാട്ടുകാരും ബുദ്ധിമുട്ടുകയും ചെയ്യും. പറയുന്നതില്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് ... ‘മണ്ടത്തരം പറഞ്ഞാല്‍ അടി കിട്ടുമേ’ എന്ന് പരമ്പരാ‍ഗത രീതിയില്‍ ഭീഷണിപ്പെടുത്താനും വയ്യാത്ത അവസ്ഥ. ചുരുക്കത്തില്‍ പിള്ളേര് നമ്മളെ പിടിക്കുന്ന കാലമാണിതെന്ന് പറയാം.

‘കൊച്ചുമക്കള്‍ പുരാണം’ പറഞ്ഞാണല്ലോ തുടങ്ങിയത്. എനിക്കും ഉണ്ട് രണ്ടു കൊച്ചുമക്കള്‍. അവര്‍ ചിന്തിക്കുന്ന രീതി എന്നെ അദ്ഭുതപ്പെടുത്താറുണ്ട്. മുന്‍പൊന്നും നമ്മള്‍ ചിന്തിക്കാത വഴികളിലൂടെയാണല്ലോ ഈ കുരുന്നു മനസ്സുകള്‍ ഇങ്ങനെ ഒഴുകിപ്പോകുന്നത്! (അതെ. നിങ്ങള്‍ ഊഹിച്ചത് ശരി തന്നെ. കൊച്ചു മക്കളെക്കുറിച്ച് അല്പം പൊങ്ങച്ചം പറയാന്‍ തന്നെയാണല്ലോ എന്റേയും ഉദ്ദേശ്യം!)

ഇംഗ്ലണ്ടിലുള്ള മകന്റേയും കുടുബത്തിന്റെയും കൂടെ ഒരു മാസം താമസിക്കാന്‍ എത്തിയതായിരുന്നു ഞാനും ഭാര്യയും. മകനും ഭാര്യയും ജോലിക്കു പോകുന്നതു കൊണ്ട് കൊച്ചുമോന് ഞാനും ഭാര്യയും ആയിരുന്നു മിക്ക സമയവും കൂട്ട്. ആ അഞ്ച് വയസ്സുകാരന്റെയൊപ്പം കളിച്ചും ചിരിച്ചും കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് തിരിച്ചു പോരേണ്ട സമയമായി. അവന്‍ ഞങ്ങളോട് ഇത്ര അടുപ്പമായിക്കഴിഞ്ഞതിനാല്‍ പോകുന്ന കാര്യം കൊച്ചുമോനോട് വളരെ സൌമ്യമായേ പറയാവൂ എന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞിരുന്നു. ചെറിയ മനസ്സിനെ വേദനിപ്പിക്കാന്‍ പാടില്ലല്ലോ. പോകുന്നതിന്റെ തലേ രാത്രി ഞങ്ങള്‍ അവനെ അരികില്‍ വിളിച്ച് മെല്ലെ കാര്യം പറഞ്ഞു:

- ഞങ്ങള്‍ നാളെ രാവിലെ തിരിച്ചു പോകുകയാ മോനേ.

അവനെ സമാധാനിപ്പിക്കാനുള്ള അടുത്ത വാചകം പുറത്തെടുക്കുന്നതിനു മുന്‍പുതന്നെ അവന്‍ ഇംഗ്ലീഷില്‍ ഉറക്കെ പറഞ്ഞു:

- കൊള്ളാം, അതൊരു നല്ല ഐഡിയ ആണല്ലോ!

ഇനിയൊരു ‘കൊച്ചുമോള്‍ കഥ’ കൂടി പറഞ്ഞു അവസാനിപ്പിക്കാം.

എന്റെ മകളുടെ മകളാണവള്‍. നാലര വയസ്സുകാരി വികൃതി. മൂന്നു ദിവസത്തെ അവധിക്ക് അവര്‍ ചെന്നെയില്‍ നിന്ന് കോട്ടയത്തെ ഞങ്ങളുടെ വീട്ടിലെത്തുന്നു. കളിയും ചിരിയുമായ് വീട്ടിലാകെ ബഹളം. എന്റെ ഭാര്യയുടെ അഭിമാനങ്ങളിലൊന്ന് സാമാന്യം നല്ലൊരു അടുക്കളക്കാരിയാണെന്നതാണ്. ഏതെങ്കിലും രണ്ടു നേരം പ്രധാന വിഭവങ്ങള്‍ ഒന്നു തന്നെയായാല്‍ സഹ വിഭവങ്ങള്‍ വ്യത്യസ്ഥമാക്കി തീന്മേശക്ക് പുതുമ നല്‍കുന്നതില്‍ ശ്രദ്ധിക്കാറുണ്ട്.

അങ്ങനെയതാ ഒരു പ്രഭാതം അടുക്കളയില്‍ പൊട്ടി വിടരുന്നൂ. തുടര്‍ന്ന് ആ പ്രഭാതം പ്രാതലിന്റെ രൂപത്തില്‍ തീന്മേശയിലുമെത്തുന്നു. മകളുടെ കുടുംബം ഇവിടെ എത്തിയതിന്റെ മൂന്നാം രാവിലെയാണന്ന്. പ്രാതല്‍ വിഭവത്തിന്റെ കാസറോള്‍ ഇതിനിടെ കൊച്ചുമോള്‍ തുറന്ന് നോക്കിയിരുന്നു. തുറന്ന് നോക്കിയതിലും സ്പീഡിലായിരുന്നു കാസറോളിന്റെ അടപ്പ് അവള്‍ തിരികെ വച്ചത്. കൂടെ ഇംഗ്ലീഷില്‍ ഒരു ആത്മഗതവും:

- ഓ. ഇന്നും പുട്ട്. ഇന്നലെയും മിനിയാന്നും കിട്ടിയതും പുട്ട്. എന്തുകൊണ്ടാണ് വേറെ ഒരു സാധനം ഇവിടെ ഉണ്ടാക്കാത്തത്?

പുട്ടിലെ തേങ്ങ പോലെ വെളുക്കെ ചിരിച്ച് കൊച്ചുമോള്‍ക്കരികെ നിന്നിരുന്ന ഭാര്യ ആ ആത്മഗതം കേള്‍ക്കെ, കസേരയില്‍ ഇരുന്നു പോയി. ഉച്ചക്ക് മകളും കുടുംബവും തിരിച്ചു പോകാനൊരുങ്ങി. കാറില്‍ കയറുന്നതിനു മുന്‍പ് കൊച്ചുമോള്‍ ഞങ്ങളോട് സഹതാപത്തോടെ പറഞ്ഞു.

- ഞങ്ങള്‍ പോകുകയാണ്. നാളെയും നിങ്ങള്‍ക്ക് പുട്ട് തന്നെ...!

ഭാര്യയെ ഞാനൊന്ന് ഒളിഞ്ഞ് നോക്കി. ഭാര്യക്കിട്ട് ഒരു ചെറിയ കൊട്ട് കൊടുക്കാന്‍ പറ്റിയ അവസരമാണെന്ന് കണ്ട് കൊച്ചുമോളോട് പറഞ്ഞു.

- അങ്ങനെ പറഞ്ഞ് കൊടുക്ക് മോളേ. 36 വര്‍ഷമായി പുട്ട് തിന്ന് കഴിയുകയാണ് ഞാന്‍!

അതു പറഞ്ഞു കഴിഞ്ഞ് ഭാര്യയുടെ മുഖത്ത് നോക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു...

അതിന്റെ ആന്റി ക്ലൈമാക്സ് കൂടി പറയാതിരിക്കുന്നതെങ്ങിനെ?

ഒരു മാസം കഴിഞ്ഞ് ഞാന്‍ ചെന്നെയില്‍ മകളുടെ വീട്ടിലെത്തി. ആ രാവിലെ പ്രാതല്‍ കഴിക്കാന്‍ എത്തിയപ്പോഴതാ, കൊച്ചുമോള്‍‍ നിശബ്ദയായിരുന്ന് അവളുടെ അമ്മയുണ്ടാക്കിയ പുട്ട് ആസ്വദിച്ച് കഴിക്കുന്നു. ഒരു പരാതിയുമില്ലാതെ...!

(മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്ററാണ് ലേഖകന്‍).
Send your reactions to thomasjacob@manorama.com

2 Comments:

Blogger പെരിങ്ങോടന്‍ said...

തോമസ് ജേക്കബാണു് മലയാളത്തിലെ ആദ്യത്തെ ബ്ലോഗര്‍ :) അദ്ദേഹത്തിന്റെ കോളത്തിനു മനോരമ ആര്‍.എസ്.എസ് ഫീഡ് കൊടുക്കുന്നില്ലെന്നൊരു ദോഷം മാത്രമേയുള്ളൂ :)

തോമസ് ജേക്കബിന്റെ “കഥക്കൂട്ട്” ഇവിടെ വായിക്കാം

കു: സത്യം പറയണമല്ലോ നമ്മുടെ വിശാലാദികള്‍ക്കു മുമ്പില്‍ അദ്ദേഹത്തിനു ഇനിയൊരങ്കത്തിനു ബാല്യമില്ല.

4:13 AM, March 07, 2006  
Anonymous priya said...

തോമസ് ജേക്കബ് സാറിന്റെ കഥക്കൂട്ട് മൊത്തം കക്കുന്നത് ആരെന്ന് നോക്കിയാണ് വന്നത്.. കണ്ടപ്പോള്‍ ഇഷ്ടമായി . ഇനി പാരവെക്കുന്നില്ല.

2:13 AM, July 07, 2006  

Post a Comment

Links to this post:

Create a Link

<< Home