Tuesday, December 20, 2005

അതുല്യേച്ചിയുടെ സ്‌റ്റ‌ഫ്‌ഡ് (Stuffed) പുട്ട് (ASP)

പ്രിയ അഖിലലോക പുട്ടന്മാരേ പുട്ടികളേ!!
നിങ്ങൽക്കിതാ ഒരു വെല്ലുവിളി!


അതുല്യ ചേച്ചി നാടൻ പുട്ടുകുറ്റി വച്ച് ഇന്ന് രാവിലെ ഉണ്ടാക്കിയ പുട്ടിന്റേതാണീ താഴെ കൊടുത്തേക്കുന്ന ചിത്രം.



പുള്ളിക്കാരി “പട്ടത്തി“യായതുകൊണ്ട് അതിനകത്ത് ബീൻസ് സ്റ്റഫ് ചെയ്തു. ചേച്ചി എന്നോട് പറഞ്ഞത് ബീൻസിനു പകരം അതിനകത്ത് സ്റ്റഫിംഗായി വറൈറ്റി സാധനങ്ങൾ വയ്ക്കാമെന്നാ - ഉദ്ദാ: മിൻസ്ഡ് മീറ്റ്, മിൻസ്ഡ് ഫിഷ്... അങ്ങനെ.

വെല്ലുവിളി:
അതുല്യേച്ചി ഇതെങ്ങിനെയാ ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കാമോ? പുള്ളിക്കാരി സ്വയം വികസിപ്പിച്ചെടുത്ത ആ സാങ്കേതികവിദ്യ എന്താണ്?

പുട്ട് ഇഷ്ടപ്പെടുന്നവർക്കും അല്ലാത്തവർക്കും ഈ വെല്ലുവിളി സ്വീകരിക്കാവുന്നതാണ്....

വീറ്റ്‌ പുട്‌ : ഴെസിപി

(ഴേഷ്മയുടെ ആവശ്യപ്രകാരം)

Requirements
ഹാഡ്‌വെയ്ഴ്‌:
ഴെക്കമെന്റഡ്‌ -സ്റ്റാന്‍ഡേഡ്‌ പുട്ടുകുറ്റി വിത്ത്‌ കുടം ഏന്‍ഡ്‌ ചില്ല്
മിനിമം -പ്രഷഴ്‌ കുക്കഴ്‌, പേപ്പഴ്‌ കപ്പ്‌(കോക്‌/പെപ്സി) 3 എണ്ണം, ഒരിഞ്ച്‌ കട്ടിയുള്ള ക്രീമില്ലാത്ത 4 വേഫഴ്സ്‌

സോഫ്റ്റ്‌വെയ്ഴ്‌:
പ്ലേറ്റ്‌ഫോം -തവിട്‌ കളയാത്ത ഗോതമ്പ്‌ പൊടി അല്ലെങ്കില്‍ whole grain wheat flour OR flour no:3
ഏഡോണ്‍സ്‌ -ചൂട്‌ വെള്ളം(Aqua Hotta!) ഏന്‍ഡ്‌ കറിയുപ്പ്‌(Table Salt!)
പ്ലഗ്ഗിന്‍ -ചുരണ്ടിയ തേങ്ങ, തേങ്ങയില്ലെങ്കില്‍ ചുരണ്ടുവാന്‍ പറ്റിയ മറ്റെന്തെങ്കിലും, ഐ മീന്‍ കേരറ്റ്‌, ചീസ്‌ എന്നിവ

Process
ആവശ്യത്തിന്‌ ഗോതമ്പ്‌ പൊടിയും പാകത്തിന്‌ ഉപ്പും ആവശ്യമുള്ള പാകത്തിന്‌ ചൂട്‌ വെള്ളവും(വെള്ളം അധികമാകരുത്‌, 'ഗോതമ്പട' നമ്മുടെ മെനുവിലില്ല) ചേര്‍ത്ത്‌ കുഴയ്ക്കരുത്‌, ചിക്കുക, കോഴി തൊടിയില്‍ ചികയുന്ന പോലെ. ഇപ്പോള്‍ 'balls' ഫോം ചെയ്യും, ഗോതമ്പ്‌ മണികള്‍, സോറി, ഗോതമ്പ്‌ പൊടിമണികള്‍. പൊടിയും മണിയും തമ്മില്‍ 34%:66% എന്ന റേഷ്യോ അച്ചീവ്‌ ചെയ്താല്‍ പ്രൊസെസ്‌ നിര്‍ത്തി മിശ്രിതം മൂടി വയ്ക്കുക. തുടര്‍ന്ന് http://blog4comments.blogspot.com/ തുറന്ന് 'ഹോട്‌മൊഴികള്‍' വായിക്കുക.

വിശക്കുന്നതിന്‌ 15 മിനിറ്റ്‌ മുന്‍പ്‌ പുട്ടുകുടത്തില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ തിളപ്പിക്കാന്‍ വയ്ക്കാവുന്നതാണ്‌. നേരത്തേ തയ്യാറാക്കി വച്ച മിശ്രിതമുള്ള പാത്രത്തിലേക്ക്‌ പുട്ടുകുറ്റി നീട്ടിപ്പിടിച്ച്‌ തേങ്ങയോ, ചുരണ്ടിയ മറ്റെന്തെങ്കിലുമോ അല്‍പം വാരിയിട്ട ശേഷം മിശ്രിതം നിറയ്ക്കുക. ശ്ശറോന്ന് മിശ്രിതം താഴേയ്ക്ക്‌ വീഴുന്നത്‌ കാണാം. കുറ്റിയെടുത്ത്‌ ടെലസ്കോപ്പിലൂടെയെന്നവണ്ണം നോക്കിയാല്‍ ചില്ല് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എന്ന് മനസ്സിലാക്കാം. ഇന്‍സ്റ്റലേഷനു ശേഷം നിറ തുടരുക. ശ്ശറോന്ന് പിന്നേം താഴേക്ക്‌. 'ഇതെന്താപ്പാ'ന്ന് പിന്നേം നോക്കിയാല്‍ ചില്ല് ചരിഞ്ഞിരിക്കുന്നുണ്ടാകും. റീ ഇന്‍സ്റ്റാള്‍ ചെയ്ത്‌ കുറ്റി നിറച്ച്‌ ആവി വരുന്ന കുടത്തിനു മുകളില്‍ ഫിറ്റ്‌ ചെയ്യുക.

മിനിമം റിക്യയര്‍മന്റ്‌ അനുസരിച്ചാണെങ്കില്‍, പ്രഷര്‍ കുക്കറില്‍ വെള്ളം ഒഴിച്ച്‌, മൂടി, തിളപ്പിക്കാന്‍ വയ്ക്കുക. പേപ്പര്‍ കപ്പെടുത്ത്‌ അടിയില്‍ തുളയിട്ട്‌ വലിയ മണികള്‍ ആദ്യം നിറയ്ക്കുക. തേങ്ങയും മറ്റും മുകളില്‍ ടോപ്പിംഗ്സ്‌ ആയി ഇടാവുന്നതാണ്‌. കപ്പ്‌ ഫിറ്റ്‌ ചെയ്യാന്‍ ആദ്യം അല്‍പം ബുദ്ധിമുട്ടും. വിസില്‍ എടുത്ത്‌ മാറ്റാത്തതിനാലാണിത്‌. കപ്പും കുക്കറും തമ്മില്‍ ഷര്‍ട്ടിന്റെ ബട്ടണും ഹോളും തമ്മിലുള്ള ബന്ധമേ ഉണ്ടാകാവൂ. 2 വേഫര്‍ എടുത്ത്‌ കപ്പിനടിയില്‍ താങ്ങായി വയ്ക്കുക. ബാക്കിയുള്ള വേഫറിലൊന്ന് 5 മിനിറ്റ്‌ സമയമെടുത്ത്‌ തിന്നു തീര്‍ക്കുക. അപ്പോഴേക്കും പുട്ട്‌ വെന്തിട്ടുണ്ടാകണം.

Download
പുട്ട്‌ ഒരിക്കലും കുറ്റിയില്‍ നിന്ന് കോലുകൊണ്ട്‌ കുത്തിയിടരുത്‌(?) പാത്രത്തിന്റെ മുന്‍ അറ്റത്ത്‌ കുറ്റിയുടെ മുകളറ്റം വരുന്നവിധം പിടിച്ച്‌ കോല്‌ ചില്ലിനു പുറകില്‍ ബലമായി വയ്ക്കുക. മെല്ലെ കുറ്റി നമ്മുടെ നേര്‍ക്ക്‌ വലിക്കുക. ക്ലീന്‍ ഔട്‌ പുട്‌ ലഭിക്കുന്നതായിരിക്കും. പേപ്പര്‍ കപ്പാണെങ്കില്‍ കമഴ്ത്തി കൊട്ടിയാല്‍ മതി. പുട്ടില്‍ Aqua സാന്നിദ്ധ്യം കൂടുതലാണെങ്കില്‍ ഇതൊന്നും നടക്കില്ല. കപ്പ്‌ കീറിപ്പൊളിക്കുക (2 കപ്പ്‌ എക്സ്ട്രാ പറഞ്ഞത്‌ ഇതിനാണ്‌).

Tips N Tricks
  1. പുട്ടുകുറ്റി അഥവാ കപ്‌ അറ്റാച്‌മന്റ്‌ അപ്‌ലോഡും ഡൌണ്‍ലോഡും ചെയ്യുമ്പോള്‍ തീ കുറച്ചു വച്ചാല്‍ സ്വന്തം കൈകൊണ്ട്‌ തന്നെ പുട്ടടിക്കാം
  2. ചില്ല് തിന്നാന്‍ ഭയങ്കര പ്രയാസമാണ്‌, കുറ്റിയില്‍ നിന്ന് ഔട്‌ പുട്ടിയ ശേഷം അതെടുത്ത്‌ മാറ്റുക
  3. പൊടിയില്‍ ചൂടു വെള്ളം അല്‍പാല്‍പമായി ഒഴിച്ച്‌ ചികഞ്ഞാല്‍ 34%:66% റേഷ്യോ കിട്ടാന്‍ എളുപ്പമാണ്‌
  4. തേങ്ങ കൂട്ടി തിരുമ്മുന്നത്‌ സ്വാദ്‌ കൂട്ടും
  5. കുറ്റിയിലും കപ്പിലും വല്ലാതെ ഒട്ടിപ്പിടിക്കുന്നെങ്കില്‍ അല്‍പം ഗ്രീസ്‌ പുരട്ടി നോക്കുക (ബട്ടര്‍, വെളിച്ചെണ്ണ)
  6. ചീസ്‌ ടോപ്പിംഗ്‌ നന്നായിരിക്കും, ബോട്ടമിംഗില്‍ ചില്ലില്‍ പറ്റിപ്പിടിക്കാന്‍ സാദ്ധ്യതയുണ്ട്‌

All the best

Monday, December 19, 2005

എന്താണ്‌ പുട്ട്‌?

'പുട്ട്‌ ' എന്ന വാക്കിന്‌ ഒരു ഡെഫനിഷന്‍ വേണം, വിക്കിപീഡിയയില്‍ കൊടുക്കാന്‍.

ദയവായി കമന്റൂ, ഏറ്റവും നല്ല നിര്‍വചനത്തിന്‌ വിസ്മയിപ്പിക്കുന്ന സമ്മാനം ഉണ്ടായിരിക്കും.

Sunday, December 18, 2005

പുണ്യപുരാതന പുട്ടുകുടം

പുണ്യ പുരാതന പുട്ടുകുറ്റി+കുടം
ഗവേഷകര്‍:

Saturday, December 17, 2005

ഗോതമ്പ്‌ പുട്ട്‌

ക്രിസ്മസ്‌ ആഘോഷിക്കാന്‍ ഏടത്തിയമ്മ നാട്ടില്‍ നിന്നെത്തി.

പുട്ടില്ലാതെ എന്ത്‌ ആഘോഷം!

ഇനി ഞങ്ങളൊരു കലക്ക്‌ കലക്കും...












ഇത്‌ തവിട്‌ കളയാത്ത ഗോതമ്പ്‌(Flour No:3) പുട്ട്‌ വിത്ത്‌ ഐക്കൂറ(നെയ്മീന്‍).

നന്ദി, ഏടത്തിയമ്മയ്ക്ക്‌(Mrs. Raphael)

പുട്ട്‌ ഫാന്‍സ്‌ അസോസിയേഷന്‍

ഡും ഡും ഡും ഡും...

അഖില ബൂലോഗ പുട്ടടി വീരരെ...
ഇതാ നിങ്ങള്‍ക്കൊരു സദ്‌വാര്‍ത്ത...
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇനിയും അവഗണിക്കപ്പെട്ട്‌ കഴിയുന്ന കേരളത്തിന്റെ സ്വന്തം പുട്ടിന്റെ പ്രചാരണാര്‍ത്ഥം ഒരു ബൂലോഗം തന്നെ തുറന്നിരിക്കുന്നു...

ഡും ഡും ഡും ഡും...

എല്ലാ മാന്യ ബ്ലോഗരും, നിങ്ങള്‍ പുട്ടടിക്കുന്ന ദിവസം "ഇന്ന് ഞാന്‍ പുട്ടടിച്ചു, കോംബിനേഷന്‍ ....+....+....+..................." എന്ന് ഇവിടെ വന്ന് കമന്റാന്‍ അപേക്ഷ.

അസോസിയേഷനുവേണ്ടി,

കുട്ട്യേടത്തി (പ്രസിഡന്റ്‌)
അനില്‍ (വൈസ്‌ പ്രസിഡന്റ്‌)
കലേഷ്‌ (സെക്രട്ടറി)
കുമാര്‍ (ജോയിന്റ്‌ സെക്രട്ടറി)
സ്വാര്‍ത്ഥന്‍ (ട്രഷറര്‍)

puttu.blogspot ആരോ കയ്യടക്കി:(